Saturday, August 1, 2009

മോചനംകൊണ്ട് അര്‍ത്ഥമാക്കുന്നതിന്‍റെ വിപരീതം.


( കഥ )

പ്രിയതമന്‍റെ ബ്രൂട്ട് മണക്കുന്ന നെഞ്ചുരോമങ്ങളില്‍ തഴുകെ,
തെല്ലൊന്ന് ബ്രൂട്ടലായി തന്നെ അവള്‍ പറഞ്ഞു:
'' കറുത്ത മേല്‍ക്കുപ്പായമണിയാതെ
പെണ്ണിന് പുറത്തിറങ്ങാന്‍ പാടില്ലാത്ത നാട്ടിലേക്ക്
അങ്ങെന്നെ കൊണ്ടുപോകരുത്...''

ആ നിഷേധസ്വരത്തിന്‍റെ കാഠിന്യം കുറയ്ക്കാന്‍
ഒരു നിമിഷം, നെഞ്ചില്‍ കൈവെച്ച്
അയാള്‍ പ്രപഞ്ചനാഥനെ നമിച്ചു.
അയാള്‍ കാരണങ്ങള്‍ ചോദിച്ചു.
അവളുടെ ഉത്തരങ്ങള്‍ കേട്ട് തല പുകച്ചു.
മാള്‍ബറോയുടെ രൂക്ഷ ഗന്ധത്താല്‍
മണിയറ വീര്‍പ്പുമുട്ടി.
എന്നിട്ടും പ്രിയതമനോടുള്ള സ്നേഹംകൊണ്ട്
അവള്‍ സഹിച്ചു.

അവശേഷിക്കുന്ന അവധിദിനങ്ങള്‍ മിണ്ടാതെ,
കൂടെ കിടക്കാതെ അയാള്‍ പ്രതിഷേധിച്ചു.

അവസാനം ഇരുമ്പുചിറകുള്ള ആ ആകാശപ്പറവ
അയാളെയും വഹിച്ച് തിരിച്ചുപറന്നു.

കടലിനക്കരെ എത്തിയ വിവരത്തിന്
അയാള്‍ അവള്‍ക്കൊരു ഡിവോഴ്സ് നോട്ടീസ്‌ അയച്ചു.

.......................
( ചിത്രം ഗൂഗിള്‍ ഇമേജില്‍ നിന്ന്. )
.......................

Friday, July 17, 2009

ശ്വാസക്കാറ്റ്







പെയ്ത
കണ്ണുകള്‍ക്ക്‌ താഴെ
സ്പര്‍ശിച്ചത്‌
പേടിച്ച വിരലല്ല.
വരണ്ട
ശ്വാസക്കാറ്റിന്‍റെ
തുമ്പില്‍ കെട്ടിവെച്ച
ചുണ്ട്.


പിന്നെ,
സ്വപ്നം നനഞ്ഞ്
നീ നടന്നുപോയ ഇടവഴി
തണുപ്പാല്‍ മധുരിച്ചു.


......................

ചിത്രം ഗൂഗിള്‍ ഇമേജില്‍ നിന്നും
......................

Sunday, May 31, 2009

പ്രണാമം




'' പ്രകടമാക്കാത്ത സ്നേഹം നിരര്‍ത്ഥകതയാണ്.
പിശുക്കന്‍റെ ക്ലാവുപിടിച്ച
നാണ്യശേഖരം പോലെ
ഉപയോഗശൂന്യവും... ''


( നീര്‍മാതളം പൂത്തകാലം )



മാധവിക്കുട്ടി എന്ന മായാത്ത ഓര്‍മ്മകള്‍ക്ക് ...

Tuesday, May 12, 2009

പാല്‍ മധുരം




ഗര്‍ഭഗൃഹത്തിന്‍റെ
പുറന്തോട് പിളരും മുമ്പ്
നിരപരാധിയായ കുഞ്ഞ്
ഫ്രോയിഡിനെ
അറിഞ്ഞുതുടങ്ങുന്നു.

കുഞ്ഞ്
അമ്മിഞ്ഞ നുണയുമ്പോള്‍
അമ്മക്കിളി
കാല്‍ വിരലാല്‍
ഇക്കിളി മാറ്റുന്നു.
സ്ഥാപനത്തിന്‍റെ
പേരുകളിലേതല്ലാത്ത
മുലയുള്ള അമ്മമാര്‍.

ഇളം ചുണ്ടുകള്‍ക്കിടയില്‍
തിരുകികയറ്റുന്ന
പെണ്ണവയവത്തിന്‍റെ കണ്ണുകള്‍
പാല്‍ കൊടുക്കുന്നു.

അച്ഛന്‍ കുടിച്ച്‌
ബാക്കി വെച്ചത്...





( ചിത്രം: ഗൂഗിള്‍ )

Monday, May 4, 2009

ബീക്കുട്ടി




മുമ്പാരത്തെ കോലായിലിരുന്ന് ബീക്കുട്ടി ഏഴാം ക്ലാസിലെ സാമൂഹ്യപാഠം വായിച്ചുകൊണ്ടിരിക്കെ മുറ്റത്തൊരു കാല്‍പ്പെരുമാറ്റം. അവള്‍ തട്ടംകൊണ്ട് മുഖം മറച്ച്, നോക്കി. മുറ്റത്തൊരാള്‍ . വായന മുടക്കാതെ ബീക്കുട്ടി അകത്തേക്കുനോക്കി വിളിച്ചു പറഞ്ഞു:
" ഉമ്മാ... മുറ്റത്തിദേ, ഒരു മനുസന്‍...''
അടുക്കളയില്‍നിന്നും വരാന്തയിലേക്ക്‌ വന്ന ഉമ്മ ആദ്യമൊന്ന് ഞെട്ടി. പിന്നെ ഖല്‍ബ്‌ പൊട്ടി. അരിശത്തോടെ മകളെ നോക്കി ഉമ്മ പറഞ്ഞു:
" മനുസനാണ്ട്യേ അത് ? അന്‍റെ ബാപ്പല്ലേ അത്? "
പിന്നെ തേങ്ങലുകള്‍..
( കടപ്പാട് )



( ചിത്രം : ഗൂഗിള്‍ )

Monday, April 27, 2009

നാനോ



ചക്രത്തിന് കീലിടുകയായിരുന്ന കുട്ടാപ്പുചേട്ടനോട്
ഭാര്യ ജാനുവേടത്തി പറഞ്ഞു:
ഈ കാളവണ്ടി വിറ്റിട്ട്
നമ്മക്കൊരു നാനോ വാങ്ങണം...

അപ്പോള്‍ കുട്ടാപ്പു സുഖമുള്ള അനുഭൂതിയോടെ
ഒരു കാജാ ബീഡിക്ക് തീകൊളുത്തി.

Tuesday, April 7, 2009

ശിലാലിഖിതം

താപസാ,
മൌനം മുറിക്കരുത്.
അത് പാത്രങ്ങളില്‍ കരുതി വെക്കണം.

തേയ്മാനം സംഭവിച്ച വാക്കുകള്‍ കൂട്ടിവെച്ച്
ദുരിതകാലത്ത് കഞ്ഞിയുണ്ടാക്കണം.


വീട്,
മഞ്ഞുമാസത്തിന്‍റെ ഗൃഹാതുരവാതില്‍.

അത് തുറന്ന്, പുഴയുടെ ആത്മഹ്രദത്തിന്
നോവും നോക്കും പങ്കുവെയ്ക്കണം.
നിറം മാഞ്ഞ സ്നേഹപ്പുറ്റുകള്‍ തിരയണം.


തപാലാപ്പീസിന്‍റെ വരാന്തയില്‍
ഒരു കഫതുള്ളി.
കത്തുവിതരണക്കാരന്‍ ഒരിക്കല്‍ ചോദിച്ചു;
എവിടെ,
കരുണയുടെ കടലിരമ്പമായി വരാറുള്ള
അവന്‍റെ തപാല്‍ വികൃതികള്‍?

നീതി ശാസ്ത്രങ്ങള്‍ പറഞ്ഞു;
മൌനത്തിന്‍റെ കടന്നല്‍ കൂടിന്‌
ഞങ്ങളവനെ കൂട്ടികൊടുത്തു.

വഴിവിളക്കുകള്‍ വാതിലടച്ച വഴിയോരത്ത്
അവന്‍റെ വാരിയെല്ലുകൊണ്ട്
സ്മാരകം പണിയണം.
വാതിലടയ്ക്കരുത്...
അതിന് വാതിലുകള്‍ പണിയരുത്...

Monday, February 23, 2009

അവസാനം

കാത്തുവെക്കുന്ന ജീവിതം
വ്യാമോഹം.

ജന്മം മൃതിയിലേക്കുള്ള
ബസ് റുട്ട്.

കൊട്ടിയടച്ചാലും മുട്ടിവിളിക്കും
കറുത്ത വിരുന്നുകാരന്‍.

നിന്നെ കൂട്ടുവിളിക്കാനാകാത്ത
യാത്ര.

അതുകൊണ്ട്
കരയാതെ ചിരിക്കണം.

സ്നേഹത്താല്‍ കലഹിച്ച്,
കാമം ധൂര്‍ത്തടിച്ച്,
ആയുസ്സിന് പ്രാര്‍ത്ഥിക്കാതെ...

അങ്ങനെ...