Sunday, August 17, 2008

അനുരാഗം

ഴഞ്ചാക്കില്‍ കെട്ടി
പുഴ കടത്തി വിട്ടിട്ടും
പിന്നെയും പതുങ്ങിയെത്തി
ലൈലയുടെ പൂച്ച.

കമ്യൂണിസ്റ്റ് പച്ചകള്‍ക്കൊപ്പം
വെട്ടിക്കളഞ്ഞിട്ടും
പിന്നെയും പൂവിട്ടു
ചെമ്പനിനീര്‍.

ഇരുമ്പുകൂട്ടിലെ അനാര്‍ക്കി
കുരച്ചു ചാടിയിട്ടും
പിന്നെയും മുറ്റത്ത് നിഴലുകള്‍.

ഡോഗ്മാറ്റിക്കുകള്‍
വേറെയുമുണ്ടായിരുന്നു, കൂട്ടില്‍.
അറബിപ്പൊന്നും ആത്മീയ കള്ളക്കടത്തും
ചുമടായി കൊണ്ടുവന്ന
ഒരു എന്‍. ആര്‍ . ഐ കഴുതയും...

അവര്‍ക്ക്
ചായം തേക്കാന്‍ പറ്റാത്ത
താജ് മഹലിനു പുറകിലൂടെ
യമുന വറ്റാതൊഴുകി...

എങ്കിലും ആ മാര്‍ബ്ള്‍ ചിത്രങ്ങളില്‍
അവരെന്‍റെ ചെഞ്ചോര പുരട്ടി...

അവരുടെ ചോരക്ക് നിറം പച്ച...



Saturday, August 2, 2008

അടിമവേലക്കാരുടെ മുറി

വീടുകളല്ലാത്ത വീടുകള്‍
ചേറില്‍ നിറം മാഞ്ഞ ചുവരുകള്‍
കിണറുകളില്ലാത്തതെങ്കിലും, കുഴലിലെ
കുടിനീരില്‍ കണ്ണുനീരുപ്പ്...

അടച്ചിട്ട വാതിലില്‍ പഴുതൊന്നുമാത്രം
കയറുവാന്‍ ആയിരം താക്കോലുകള്‍
പലതരം ഭാഷയില്‍ തേങ്ങലുകള്‍
പല കോലമായ്പ്പോയ ജീവിതങ്ങള്‍ ...

ഓരോ പകലിലും മുന്നില്‍ പെടുമ്പോള്‍
അപരിചിതനാക്കുന്ന കണ്ണാടിയും, പിന്നെ
ഓരോ രാവിലും ചെന്നുകേറും
ശയനമുറിയും ശങ്കിച്ചു, നിയ്യാര് ?

കട്ടിലിന്‍ പടവുകള്‍ കയറിയിട്ടാകാശം
മുട്ടിക്കിടക്കുമ്പോള്‍ നിനവുകള്‍ പാടും
'' ഞാനുണ്ട് കെട്ടോ സമക്ഷം...''

ആതുരത മൂട്ടയായ് ചോര കുടിക്കവേ
നിദ്രയങ്ങപ്പുറം മാറിനില്‍ക്കും
ശീതീകരണത്തില്‍ തോറ്റ്, യന്ത്രം
വെറുമൊരു മുരളലായ് മൂളിനില്‍ക്കും...

ഒടുവിലാ തീക്കാറ്റിനൊപ്പം
അറിയാതെ കണ്ണുകളടയുന്ന നേരം
പഴങ്കൂട്ടാനിലെ കോഴി കൂവും...
മുറിയൊരു നഗരമായാര്‍ത്തുണരും...


( ദുബായിലെ ഒരു ലേബര്‍ കേമ്പ് - ഓഗസ്റ്റ്‌ 1, 2008 )