Thursday, October 16, 2008

പേരുകള്‍


ന്തീരാണ്ടുകൊല്ലം
കുഴലിലടച്ചാലും
കുരയ്ക്കില്ല,
കടിയ്ക്കില്ല.
എന്നിട്ടും കാവല്‍...
സഹനമെന്ന് പേര്.
...
ബലിചോറുണ്ണും
വിരുന്നുവിളിക്കും
കല്ലെടുക്കുമ്പോലെ
കാട്ടിയാല്‍
പറന്നകലുന്ന
സൂത്രശാലി...
സ്വപ്നമെന്ന് പേര്.
...
വരുവാനില്ല
ശിപായിപോലും
എന്നിട്ടും തുറന്നിടും
പടിപ്പുരവാതില്‍
കാറ്റിലിളകിയാല്‍
വെറുതെ കൊതിക്കും...
കാത്തിരിപ്പെന്ന് പേര്.
...
ആശംസകള്‍
സമ്മാനപ്പൊതികള്‍
പായസമധുരം
എങ്കിലും,
ശുഭ്രമണിഞ്ഞ്
മണ്ണിലേക്കുള്ള
ഒരോ ഇറക്കം...
ജന്മദിനമെന്ന് പേര്.

Saturday, October 4, 2008

പാന്ഥന്‍


രാക്കറുപ്പിലെ
പേക്കിനാവിന്‍
പാരിതോഷികപ്പൊതി
കണ്ണാല്‍ തുറന്ന്,
ഹൃത്താല്‍ പിടഞ്ഞ്,
കരളാല്‍ ഉണര്‍ന്ന്,
ദുരധിഗമ വീഥിയിലെ
മുള്‍ച്ചെടി വിരിയ്ക്കും
കൈയ്ക്കും മധു
പ്രാതലായ് കുടിച്ച്,
സങ്കടം മറന്നുനടക്കുക.


കാലം
ഉപ്പുറ്റിയില്‍ വരഞ്ഞ
വ്രണിത മുദ്രതന്‍
മഷിയിളകാതെ,
കാലമര്‍ത്തി
ഭൂമിയെ നോവിക്കാതെ,
സ്വയം ഊന്നുവടിയായ്
നടക്കുക.


എവിടെയോ
കൈമാടി വിളിക്കുന്നുണ്ടാകും...

Friday, September 26, 2008

അമ്മ


വീടെത്തണം,
മനസ്സിന്‍റെയും ശരീരത്തിന്‍റെയും
അസ്വാസ്ഥ്യങ്ങള്‍ക്കിടയിലും
വീട് കാക്കാന്‍ വിധിക്കപ്പെട്ട
പാവം വൃദ്ധയുണ്ടവിടെ...

വീടെത്തണം,
കരളില്‍ നിന്നും അടര്‍ത്തിയെടുത്ത
ഒരു ഓട്ടമുക്കാലും
അച്ഛന്‍റെ ഹൃദയത്തില്‍ നിന്നും
പണ്ടെപ്പോഴോ പറിച്ചെടുത്ത
ഗാന്ധിസാഹിത്യത്തിന്‍റെ ഒരേടും
കണ്ണാടിയുടഞ്ഞ കണ്ണടയും
രണ്ടുകോപ്പ മിഴിനീര്‍ ചറവും
നരകമാത്രകളില്‍ അമൃത്‌ പോലെ,
ഹരിചന്ദനം പോലെ,
ആത്മാവില്‍ നിറയുന്ന

സാന്ത്വനവും ഉണ്ടവിടെ...

പകരം
ഒരു കരണ്ടി കഷായം നല്‍കണം...

വീടെത്തണം,
സ്നേഹലാളനകള്‍ കോന്തലയില്‍ പൊതിഞ്ഞ്,
സമനില തെറ്റിയ മനസ്സുമായി
കാത്തിരിക്കുന്ന
പാവം വൃദ്ധയുണ്ടവിടെ...

Friday, September 19, 2008

ബാല്യസ്പര്‍ശം


റക്കച്ചടവുമാറാത്ത
ഓത്തുപള്ളിയുടെ മോന്തായത്തില്‍,

അവളുടെ വിരല്‍ മീട്ടിയ മഴയും
എന്‍റെ വരള്‍ തന്ത്രിയുടെ മൂളിപ്പാട്ടും
കളിക്കൂടുകൂട്ടിയ പണ്ട്...

ചോരുന്ന വാനില്‍ ആരും കാണാതെ
ഒരു പാവം മുഹബത്ത്
മഴവില്‍ കുടനിവര്‍ത്തിയ പണ്ട്...

ഒരു ഇളം മഷിത്തണ്ട്
ഇടവഴിയില്‍ വെച്ച്
എന്‍റെ സ്ലേറ്റിന്‍റെ കറുത്ത മുഖത്ത്
മുത്തിയ പണ്ട്...

കിനാക്കണ്ടുനിന്ന് ഓതാന്‍ മറന്നതിന്
അത്തറുനാറുന്ന കള്ളവിരലുകള്‍ കൊണ്ട്
അവളുടെ നെഞ്ചിനു നുള്ളിയ
മൊല്ലാക്കയുടെ വെള്ള വസ്ത്രമാകെ
മഷിക്കായ ചാലിച്ചൊഴിച്ച പണ്ട്...

നക്ഷത്രവിളക്ക് മെല്ലെ
താഴെ ചതിക്കുഴിയിലെറിഞ്ഞുടച്ച
വിപ്ലവകാരികള്‍
കറുത്ത മനസ്സുകൊണ്ട് പര്‍ദ്ദ നെയ്ത
ഹറാമായ പട്ടിയെ കൂട്ടിലിട്ട പണ്ട്...


ഇളങ്കിനാവൊഴിച്ച്
നട്ടുവളര്‍ത്തിയ മുല്ലവള്ളി
കാട്ടുകടന്നല്‍ കൂട്ടില്‍ പടര്‍ന്നിട്ടും,
വിരലിന്‍റെ തുമ്പിലെ കാറ്ററുതി പിടിതെറ്റി
വിരഹക്കടലാസില്‍ വീണപൂ വരച്ചിട്ടും ...
ജനല്‍പാതിയില്‍ മുളപൊട്ടി
ഒരു കൈത്തണ്ട നിറയെ വളപ്പൊട്ടുകള്‍...
ഒരു തുവ്വാല നിറയെ കരഞ്ഞ കണ്ണുകള്‍‌ ...

Friday, September 5, 2008

പൂങ്കാവനം


ഭൂമിക ശൂന്യം;
അതിരുകള്‍ അടയാളപ്പെടുത്തിയാല്‍.
ആശിക്കാം, പക്ഷെ വാശിയരുത്;
തിരിച്ചുകിട്ടേണമെന്ന്...

ചിരിക്കാം,
കവിത പോലെയും കരി പോലെയും.
പക്ഷെ കണ്ണാടി ഉടയുന്നു;
ചില ചിരികളില്‍...

മുളക്കില്ല,
ഒളിപ്പിച്ചു വെച്ചാല്‍.
പ്രകടനങ്ങളില്‍ തന്നെ
വളക്കൂറ് ...

ചന്തം കെടുത്തും, നടനം.
കണ്ണട വേണ്ട, കാണാന്‍.
പൂക്കള്‍ വിരിയില്ല
എസ്. എം എസ്സിലും, ഓട്ടോഗ്രാഫിലും...

ഉള്ളില്‍ ഉറവയുണ്ടെങ്കില്‍
പൂങ്കാവനം മനം...

Sunday, August 17, 2008

അനുരാഗം

ഴഞ്ചാക്കില്‍ കെട്ടി
പുഴ കടത്തി വിട്ടിട്ടും
പിന്നെയും പതുങ്ങിയെത്തി
ലൈലയുടെ പൂച്ച.

കമ്യൂണിസ്റ്റ് പച്ചകള്‍ക്കൊപ്പം
വെട്ടിക്കളഞ്ഞിട്ടും
പിന്നെയും പൂവിട്ടു
ചെമ്പനിനീര്‍.

ഇരുമ്പുകൂട്ടിലെ അനാര്‍ക്കി
കുരച്ചു ചാടിയിട്ടും
പിന്നെയും മുറ്റത്ത് നിഴലുകള്‍.

ഡോഗ്മാറ്റിക്കുകള്‍
വേറെയുമുണ്ടായിരുന്നു, കൂട്ടില്‍.
അറബിപ്പൊന്നും ആത്മീയ കള്ളക്കടത്തും
ചുമടായി കൊണ്ടുവന്ന
ഒരു എന്‍. ആര്‍ . ഐ കഴുതയും...

അവര്‍ക്ക്
ചായം തേക്കാന്‍ പറ്റാത്ത
താജ് മഹലിനു പുറകിലൂടെ
യമുന വറ്റാതൊഴുകി...

എങ്കിലും ആ മാര്‍ബ്ള്‍ ചിത്രങ്ങളില്‍
അവരെന്‍റെ ചെഞ്ചോര പുരട്ടി...

അവരുടെ ചോരക്ക് നിറം പച്ച...Saturday, August 2, 2008

അടിമവേലക്കാരുടെ മുറി

വീടുകളല്ലാത്ത വീടുകള്‍
ചേറില്‍ നിറം മാഞ്ഞ ചുവരുകള്‍
കിണറുകളില്ലാത്തതെങ്കിലും, കുഴലിലെ
കുടിനീരില്‍ കണ്ണുനീരുപ്പ്...

അടച്ചിട്ട വാതിലില്‍ പഴുതൊന്നുമാത്രം
കയറുവാന്‍ ആയിരം താക്കോലുകള്‍
പലതരം ഭാഷയില്‍ തേങ്ങലുകള്‍
പല കോലമായ്പ്പോയ ജീവിതങ്ങള്‍ ...

ഓരോ പകലിലും മുന്നില്‍ പെടുമ്പോള്‍
അപരിചിതനാക്കുന്ന കണ്ണാടിയും, പിന്നെ
ഓരോ രാവിലും ചെന്നുകേറും
ശയനമുറിയും ശങ്കിച്ചു, നിയ്യാര് ?

കട്ടിലിന്‍ പടവുകള്‍ കയറിയിട്ടാകാശം
മുട്ടിക്കിടക്കുമ്പോള്‍ നിനവുകള്‍ പാടും
'' ഞാനുണ്ട് കെട്ടോ സമക്ഷം...''

ആതുരത മൂട്ടയായ് ചോര കുടിക്കവേ
നിദ്രയങ്ങപ്പുറം മാറിനില്‍ക്കും
ശീതീകരണത്തില്‍ തോറ്റ്, യന്ത്രം
വെറുമൊരു മുരളലായ് മൂളിനില്‍ക്കും...

ഒടുവിലാ തീക്കാറ്റിനൊപ്പം
അറിയാതെ കണ്ണുകളടയുന്ന നേരം
പഴങ്കൂട്ടാനിലെ കോഴി കൂവും...
മുറിയൊരു നഗരമായാര്‍ത്തുണരും...


( ദുബായിലെ ഒരു ലേബര്‍ കേമ്പ് - ഓഗസ്റ്റ്‌ 1, 2008 )

Thursday, July 3, 2008

അച്ഛന്‍

കത്തൊരുനൂറാധിതന്‍
പുസ്തക താള്‍നിവര്‍ത്തി
അച്ഛനുണര്‍ന്നിരിക്കെ
അനന്തഘോരമാം ഇരുള്‍മെത്തയില്‍
എന്നുമുറക്കമായിരുന്നു, ഞാന്‍...

ഓരോ പ്രഭാതവും കോരിയെടുത്തെന്‍റെ
നിറുകയില്‍ പൊത്താന്‍ കൊതിച്ചുവന്നു,
ഉള്‍ച്ചൂടിനാലെന്‍ വസ്ത്രച്ചുളിവുകള്‍
തേച്ചുമിനുക്കിയണിയിക്കാനണഞ്ഞു,
സ്വയം കൈപ്പുനീര്‍കുടിച്ച്
മകനുമധുരം വിളമ്പിയുണ്ണാതിരുന്നു...

വെയില്‍പൂത്തുപഴുത്ത വേവിലും
മഴമൂത്തുപൊഴിയും വഴിയിലും
പുത്രനാമാങ്കിതം, പുത്തന്‍കുടയുമായ്
മെലിഞ്ഞ കാലില്‍ നിന്നിരുന്നച്ഛന്‍...

തൊഴില്‍കഴിഞ്ഞെന്നും നാട്ടുവെളിച്ചത്തില്‍
കരിയില പോലെ പാറി വരുമ്പഴും
കോന്തലക്കെട്ടില്‍ സൂക്ഷിക്കുമച്ഛന്‍
സ്നേഹത്തിന്‍ മധുരസമ്മാനം...

ഉള്ളിലായിരത്തൊന്നു കഥയുമായൊരു
തളര്‍നിസ്വനം കാത്തിരുന്നപ്പഴും
രാവിന്‍റെ, പകലിന്‍റെ, നേരിന്‍റെനേരെ
കണ്ണടച്ചുറക്കമായിരുന്നു, ഞാന്‍...

ഒടുവിലൊരു കീറസ്വപ്നത്തില്‍ തലമുട്ടി
ഞെട്ടിയുണര്‍ന്നച്ഛനെ വിളിച്ചപ്പോള്‍
ഇരുളായിരുന്നെന്‍റെ ചുറ്റിലും, കൂരിരുള്‍
അച്ഛനിരുന്നിടം ശൂന്യം...

Monday, June 16, 2008

ദൈവം

ചാവേറിന്‍റെ കെണിയില്‍
കുരുങ്ങിയതറിയാതെ
ലോകമുറങ്ങുന്ന ഉറക്കം...

എങ്കിലും,
നിദ്രാവിഹീനതയുടെ
വ്യാകുലനിശ്ശബ്ദതയിലേക്ക്
ചവിട്ടിക്കയറുന്ന
കാല്‍ക്കരുത്ത്
എനിക്ക് കേള്‍ക്കാം...

ഉപയോഗിക്കുന്നവനല്ലാതെ
ആയുധക്കണ്ണില്‍
കാഴ്ചയില്ലല്ലോ...

സാത്താന്‍റെ മനസ്സ്
ഒളിച്ചുകടത്തുന്ന
ശകടം വലിക്കുന്നു,
ചിത്രകാരന്‍റെ
ഭാവനാ ദൈവങ്ങള്‍...

ദൈവത്തിന്‍റെ
തിരുവുടലില്‍
ചാട്ടവാറിന്‍റെ
മനുഷ്യചിത്രങ്ങള്‍...

ആരേ,
ദൈവമെന്ന്
പേരിട്ടുവിളിച്ചു,
ആ തോറ്റ ജന്മത്തെ?

Tuesday, June 10, 2008

സാമൂഹ്യപാഠം

സ്കൂളിന്‍റെ കുടുസ്സുമുറിയില്‍
ഊതിവീര്‍പ്പിച്ച ആകാശം
പണ്ടേ ഓട്ടയായ സ്വപ്നം.
കെടുത്തിയിട്ടും ആറാത്ത സൂര്യന്‍
അന്നേ എഴുതിയ കുത്തുവാക്ക് .
കുടിച്ചു തീര്‍ത്ത കടല്‍
അന്ധന്‍റെ ഒരു കോപ്പ കണ്ണുകള്‍‌.

താഴേയ്ക്കുരുകിവീണ നക്ഷത്രം
അലിഞ്ഞുപോയ
ഇരുളിന്‍റെ കീറപ്പായ.

ഊന്നുവടിയില്ലാതെ
പിന്നെയും കുചേലയാത്ര.
കക്ഷത്തിലിറുക്കിയ പൊതിയില്‍
വിയര്‍ത്ത ഒരുപിടി നോവ്.

നാം പങ്കുവെച്ച പ്രാണവായു
പാറ്റയരിച്ച പുസ്തക താള്‍ .
പള്ളിക്കൂടത്തിലേക്കുള്ള കാലൊച്ചയില്‍
കൂര്‍ത്ത കാരമുള്‍സൌഹൃദം.

എന്നും
തെമ്മാടിക്കുഴിയെടുത്തു കാത്തിരുന്നു,
സാമൂഹ്യപാഠം.


Monday, May 26, 2008

ഗൗളി ശാസ്ത്രം

റിമോട്ട് കണ്ട്രോളര്‍
കണ്ടുപിടിക്കും വരെ
ബാല്യത്തിലേക്ക് മുറിഞ്ഞുവീണ
ആ വാലായിരുന്നു, ഞങ്ങളുടെ അത്ഭുതം.

ടീച്ചര്‍ വരച്ചു പഠിപ്പിച്ചതിനേക്കാള്‍
മനോഹരമായിരുന്നു,
അത് പുസ്തകതാളില്‍ വീഴ്ത്തിയ
ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ആശ്ചര്യചിഹ്നം !

അതിന്‍റെ ഉദരത്തിലെ
വെളുത്ത ഭൂഗോളത്തില്‍
ഞാന്‍ ലൈലയ്ക്ക്
ഇന്ത്യയെ കാണിച്ചുകൊടുത്തു.

എന്‍റെ എല്ലാ നുണക്കഥകളും
ലൈലയെക്കൊണ്ട് വിശ്വസിപ്പിച്ചത്
ആ ചിലപ്പായിരുന്നു.

നീട്ടിപ്പിടിച്ച നാക്കിലേക്ക്
സ്വയം പറന്നുചെല്ലുന്ന
എന്‍റെ സൂക്ഷ്മസ്വപ്നങ്ങള്‍ ഭുജിച്ച്,
ഈ കൈപ്പുമുറിയുടെ ത് ലാന്‍
താങ്ങിപ്പിടിച്ച്‌,
ഇന്നും....


Thursday, May 22, 2008

നമ്മള്‍


തിരിച്ചു നല്‍കാതെയും

നിറഞ്ഞുസ്നേച്ചതി-

നൊരുനാള്‍ നിനക്കെന്‍റെ

വിരല്‍ മുറിച്ചെടുക്കാം.


മുറിഞ്ഞ വാക്കുകള്‍

ചേര്‍ത്തു തുന്നുമ്പോള്‍

നിനക്കു ഞാനൊരു

കവിത കടംതരാം.


കതകടച്ചു നീ

ഇരുള്‍ നിറയ്ക്കുമ്പോള്‍

അകത്തുപെയ്യുന്ന

മഴ ശമിയ്ക്കുമോ?


കിനാവുപോലൊരു

കഥ പറഞ്ഞു നീ

കണ്ണീരളക്കുമ്പോള്‍

ഗൗളി ചിലക്കുമോ?


സത്യം തിരഞ്ഞു നാം

കാതോര്‍ത്തിരിക്കവേ

ശുനകന്‍ കുരച്ചൊച്ചവെയ്ക്കും,

അതിഥികള്‍ പേടിച്ചൊളിക്കും.


ജനലാണ് സത്യമാ

ഇത്തിരി ചതുരത്തില്‍

കാറ്റും വെളിച്ചവും

നാം വരയ്ക്കും.


ഒരു കുഞ്ഞുപൂ നാം തിരയും

ഒരു വരള്‍ച്ചുണ്ട് നാം കണ്ടെടുക്കും.


Sunday, May 18, 2008

വൃദ്ധസദനം

വായുമുട്ടും ചുമയും കഫവും
നരയും നുരയും നിറഞ്ഞ
കളിമുറ്റത്തിന്‍ ഇത്തിരിവട്ടത്തില്‍
കെട്ടിയിട്ടാരോ സായന്തനത്തെ...


ചിതറിയ കാല്പെരുമാറ്റവുമായ്
കാറ്റെത്തി മോത്തുമുത്തവെ
മങ്ങിയ പീളക്കണ്‍കള്‍
വ്യഥ മറച്ചു വിടര്‍ന്നു വൃഥാവില്‍
ആരേ വരാനിരിക്കുന്നു ?

പാതിമയക്കവും സങ്കടക്കടലുമായ്
പടിയിറക്കപ്പെട്ടെത്തും പുതുമിത്രമോ ?

അപരിഷ്കൃതനാണഛന്‍
എന്നുചൊല്ലിയ മക്കളെ
പേറെടുത്ത കുറ്റമേറ്റ
സഹധര്‍മ്മിണിതന്‍
കറുപ്പുവെളുപ്പാം ഛായാപടം
വടികുത്തി, വഴിതേടിവരികയോ?

വരുന്നവ
നായ്ക്കളാണേല്‍പോലുമത്
മക്കളല്ല , ഒപ്പിടാനുള്ള വിരലന്നേ
വീട്ടില്‍ വെച്ചിരുന്നഛന്‍...

പിന്നെയാരേ, കളിമുറ്റത്ത്
നിനയാതെ വീണൊരു
പഴുത്തിലയൊച്ചയോ...
രംഗബോധം മുളച്ച മരണമോ ?Sunday, May 11, 2008

സ്വപ്‌നങ്ങള്‍

ഹനത്താല്‍ തളച്ചിടുന്നവയുടെ
ചങ്ങലയറുക്കുന്നത്‌
സ്വപ്‌നങ്ങള്‍ ...
അവയോളം സ്വതന്ത്രമായവ
മറ്റെന്താണുള്ളത് ?

കളഞ്ഞുപോയവ തിരിച്ചേകിയും
കയ്യെത്താത്തവകൈവെള്ളയില്‍വെച്ചും...

സ്വപ്നങ്ങല്‍ക്കല്ലാതെ മറ്റെന്തിനാണ്
ചിറകുകള്‍ ഉള്ളത് ?
പക്ഷെ,
പളുങ്കുപാത്രം പോലെയാണ് ...
താഴെവീണുടയുന്നവ ...
പിന്നീട് കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്തവ...

കണ്ണുകള്‍‌

റുപ്പും വെളുപ്പുമുള്ള

അടയാളങ്ങള്‍.

ആര്‍ക്കും

സ്വപ്നം കാണാവുന്ന ക്യാമറ .

കാഴ്ച്ചകളില്‍നിന്നും

പിന്‍വാങ്ങാനുള്ള ഉപകരണം.

അപൂര്‍വ്വ സന്തോഷങ്ങള്‍ക്ക്

നീരെടുക്കാനുള്ള തടാകം;

ഏറെ വേദനകള്‍ക്കും...

മയില്‍പ്പീലിയിലാണ്

സുന്ദരമായ കണ്ണുള്ളത് ...