Friday, September 26, 2008

അമ്മ


വീടെത്തണം,
മനസ്സിന്‍റെയും ശരീരത്തിന്‍റെയും
അസ്വാസ്ഥ്യങ്ങള്‍ക്കിടയിലും
വീട് കാക്കാന്‍ വിധിക്കപ്പെട്ട
പാവം വൃദ്ധയുണ്ടവിടെ...

വീടെത്തണം,
കരളില്‍ നിന്നും അടര്‍ത്തിയെടുത്ത
ഒരു ഓട്ടമുക്കാലും
അച്ഛന്‍റെ ഹൃദയത്തില്‍ നിന്നും
പണ്ടെപ്പോഴോ പറിച്ചെടുത്ത
ഗാന്ധിസാഹിത്യത്തിന്‍റെ ഒരേടും
കണ്ണാടിയുടഞ്ഞ കണ്ണടയും
രണ്ടുകോപ്പ മിഴിനീര്‍ ചറവും
നരകമാത്രകളില്‍ അമൃത്‌ പോലെ,
ഹരിചന്ദനം പോലെ,
ആത്മാവില്‍ നിറയുന്ന

സാന്ത്വനവും ഉണ്ടവിടെ...

പകരം
ഒരു കരണ്ടി കഷായം നല്‍കണം...

വീടെത്തണം,
സ്നേഹലാളനകള്‍ കോന്തലയില്‍ പൊതിഞ്ഞ്,
സമനില തെറ്റിയ മനസ്സുമായി
കാത്തിരിക്കുന്ന
പാവം വൃദ്ധയുണ്ടവിടെ...

Friday, September 19, 2008

ബാല്യസ്പര്‍ശം


റക്കച്ചടവുമാറാത്ത
ഓത്തുപള്ളിയുടെ മോന്തായത്തില്‍,

അവളുടെ വിരല്‍ മീട്ടിയ മഴയും
എന്‍റെ വരള്‍ തന്ത്രിയുടെ മൂളിപ്പാട്ടും
കളിക്കൂടുകൂട്ടിയ പണ്ട്...

ചോരുന്ന വാനില്‍ ആരും കാണാതെ
ഒരു പാവം മുഹബത്ത്
മഴവില്‍ കുടനിവര്‍ത്തിയ പണ്ട്...

ഒരു ഇളം മഷിത്തണ്ട്
ഇടവഴിയില്‍ വെച്ച്
എന്‍റെ സ്ലേറ്റിന്‍റെ കറുത്ത മുഖത്ത്
മുത്തിയ പണ്ട്...

കിനാക്കണ്ടുനിന്ന് ഓതാന്‍ മറന്നതിന്
അത്തറുനാറുന്ന കള്ളവിരലുകള്‍ കൊണ്ട്
അവളുടെ നെഞ്ചിനു നുള്ളിയ
മൊല്ലാക്കയുടെ വെള്ള വസ്ത്രമാകെ
മഷിക്കായ ചാലിച്ചൊഴിച്ച പണ്ട്...

നക്ഷത്രവിളക്ക് മെല്ലെ
താഴെ ചതിക്കുഴിയിലെറിഞ്ഞുടച്ച
വിപ്ലവകാരികള്‍
കറുത്ത മനസ്സുകൊണ്ട് പര്‍ദ്ദ നെയ്ത
ഹറാമായ പട്ടിയെ കൂട്ടിലിട്ട പണ്ട്...


ഇളങ്കിനാവൊഴിച്ച്
നട്ടുവളര്‍ത്തിയ മുല്ലവള്ളി
കാട്ടുകടന്നല്‍ കൂട്ടില്‍ പടര്‍ന്നിട്ടും,
വിരലിന്‍റെ തുമ്പിലെ കാറ്ററുതി പിടിതെറ്റി
വിരഹക്കടലാസില്‍ വീണപൂ വരച്ചിട്ടും ...
ജനല്‍പാതിയില്‍ മുളപൊട്ടി
ഒരു കൈത്തണ്ട നിറയെ വളപ്പൊട്ടുകള്‍...
ഒരു തുവ്വാല നിറയെ കരഞ്ഞ കണ്ണുകള്‍‌ ...

Friday, September 5, 2008

പൂങ്കാവനം


ഭൂമിക ശൂന്യം;
അതിരുകള്‍ അടയാളപ്പെടുത്തിയാല്‍.
ആശിക്കാം, പക്ഷെ വാശിയരുത്;
തിരിച്ചുകിട്ടേണമെന്ന്...

ചിരിക്കാം,
കവിത പോലെയും കരി പോലെയും.
പക്ഷെ കണ്ണാടി ഉടയുന്നു;
ചില ചിരികളില്‍...

മുളക്കില്ല,
ഒളിപ്പിച്ചു വെച്ചാല്‍.
പ്രകടനങ്ങളില്‍ തന്നെ
വളക്കൂറ് ...

ചന്തം കെടുത്തും, നടനം.
കണ്ണട വേണ്ട, കാണാന്‍.
പൂക്കള്‍ വിരിയില്ല
എസ്. എം എസ്സിലും, ഓട്ടോഗ്രാഫിലും...

ഉള്ളില്‍ ഉറവയുണ്ടെങ്കില്‍
പൂങ്കാവനം മനം...