Thursday, October 16, 2008

പേരുകള്‍


ന്തീരാണ്ടുകൊല്ലം
കുഴലിലടച്ചാലും
കുരയ്ക്കില്ല,
കടിയ്ക്കില്ല.
എന്നിട്ടും കാവല്‍...
സഹനമെന്ന് പേര്.
...
ബലിചോറുണ്ണും
വിരുന്നുവിളിക്കും
കല്ലെടുക്കുമ്പോലെ
കാട്ടിയാല്‍
പറന്നകലുന്ന
സൂത്രശാലി...
സ്വപ്നമെന്ന് പേര്.
...
വരുവാനില്ല
ശിപായിപോലും
എന്നിട്ടും തുറന്നിടും
പടിപ്പുരവാതില്‍
കാറ്റിലിളകിയാല്‍
വെറുതെ കൊതിക്കും...
കാത്തിരിപ്പെന്ന് പേര്.
...
ആശംസകള്‍
സമ്മാനപ്പൊതികള്‍
പായസമധുരം
എങ്കിലും,
ശുഭ്രമണിഞ്ഞ്
മണ്ണിലേക്കുള്ള
ഒരോ ഇറക്കം...
ജന്മദിനമെന്ന് പേര്.

Saturday, October 4, 2008

പാന്ഥന്‍


രാക്കറുപ്പിലെ
പേക്കിനാവിന്‍
പാരിതോഷികപ്പൊതി
കണ്ണാല്‍ തുറന്ന്,
ഹൃത്താല്‍ പിടഞ്ഞ്,
കരളാല്‍ ഉണര്‍ന്ന്,
ദുരധിഗമ വീഥിയിലെ
മുള്‍ച്ചെടി വിരിയ്ക്കും
കൈയ്ക്കും മധു
പ്രാതലായ് കുടിച്ച്,
സങ്കടം മറന്നുനടക്കുക.


കാലം
ഉപ്പുറ്റിയില്‍ വരഞ്ഞ
വ്രണിത മുദ്രതന്‍
മഷിയിളകാതെ,
കാലമര്‍ത്തി
ഭൂമിയെ നോവിക്കാതെ,
സ്വയം ഊന്നുവടിയായ്
നടക്കുക.


എവിടെയോ
കൈമാടി വിളിക്കുന്നുണ്ടാകും...