Monday, April 27, 2009

നാനോ



ചക്രത്തിന് കീലിടുകയായിരുന്ന കുട്ടാപ്പുചേട്ടനോട്
ഭാര്യ ജാനുവേടത്തി പറഞ്ഞു:
ഈ കാളവണ്ടി വിറ്റിട്ട്
നമ്മക്കൊരു നാനോ വാങ്ങണം...

അപ്പോള്‍ കുട്ടാപ്പു സുഖമുള്ള അനുഭൂതിയോടെ
ഒരു കാജാ ബീഡിക്ക് തീകൊളുത്തി.

Tuesday, April 7, 2009

ശിലാലിഖിതം

താപസാ,
മൌനം മുറിക്കരുത്.
അത് പാത്രങ്ങളില്‍ കരുതി വെക്കണം.

തേയ്മാനം സംഭവിച്ച വാക്കുകള്‍ കൂട്ടിവെച്ച്
ദുരിതകാലത്ത് കഞ്ഞിയുണ്ടാക്കണം.


വീട്,
മഞ്ഞുമാസത്തിന്‍റെ ഗൃഹാതുരവാതില്‍.

അത് തുറന്ന്, പുഴയുടെ ആത്മഹ്രദത്തിന്
നോവും നോക്കും പങ്കുവെയ്ക്കണം.
നിറം മാഞ്ഞ സ്നേഹപ്പുറ്റുകള്‍ തിരയണം.


തപാലാപ്പീസിന്‍റെ വരാന്തയില്‍
ഒരു കഫതുള്ളി.
കത്തുവിതരണക്കാരന്‍ ഒരിക്കല്‍ ചോദിച്ചു;
എവിടെ,
കരുണയുടെ കടലിരമ്പമായി വരാറുള്ള
അവന്‍റെ തപാല്‍ വികൃതികള്‍?

നീതി ശാസ്ത്രങ്ങള്‍ പറഞ്ഞു;
മൌനത്തിന്‍റെ കടന്നല്‍ കൂടിന്‌
ഞങ്ങളവനെ കൂട്ടികൊടുത്തു.

വഴിവിളക്കുകള്‍ വാതിലടച്ച വഴിയോരത്ത്
അവന്‍റെ വാരിയെല്ലുകൊണ്ട്
സ്മാരകം പണിയണം.
വാതിലടയ്ക്കരുത്...
അതിന് വാതിലുകള്‍ പണിയരുത്...