Friday, September 26, 2008

അമ്മ


വീടെത്തണം,
മനസ്സിന്‍റെയും ശരീരത്തിന്‍റെയും
അസ്വാസ്ഥ്യങ്ങള്‍ക്കിടയിലും
വീട് കാക്കാന്‍ വിധിക്കപ്പെട്ട
പാവം വൃദ്ധയുണ്ടവിടെ...

വീടെത്തണം,
കരളില്‍ നിന്നും അടര്‍ത്തിയെടുത്ത
ഒരു ഓട്ടമുക്കാലും
അച്ഛന്‍റെ ഹൃദയത്തില്‍ നിന്നും
പണ്ടെപ്പോഴോ പറിച്ചെടുത്ത
ഗാന്ധിസാഹിത്യത്തിന്‍റെ ഒരേടും
കണ്ണാടിയുടഞ്ഞ കണ്ണടയും
രണ്ടുകോപ്പ മിഴിനീര്‍ ചറവും
നരകമാത്രകളില്‍ അമൃത്‌ പോലെ,
ഹരിചന്ദനം പോലെ,
ആത്മാവില്‍ നിറയുന്ന

സാന്ത്വനവും ഉണ്ടവിടെ...

പകരം
ഒരു കരണ്ടി കഷായം നല്‍കണം...

വീടെത്തണം,
സ്നേഹലാളനകള്‍ കോന്തലയില്‍ പൊതിഞ്ഞ്,
സമനില തെറ്റിയ മനസ്സുമായി
കാത്തിരിക്കുന്ന
പാവം വൃദ്ധയുണ്ടവിടെ...

15 comments:

girishvarma balussery... said...

ഇഷ്ടായി... വല്ലാതെ മനസ്സില്‍ കൊണ്ടു.. വാചകങ്ങള്‍... വളരെ വ്യത്യസ്തത പുലര്‍ത്തിയിരിക്കുന്നു ...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

സ്നേഹലാളനകള്‍ കോന്തലയില്‍ പൊതിഞ്ഞ്,
സമനില തെറ്റിയ മനസ്സുമായി
കാത്തിരിക്കുന്ന അമ്മയെ കുറിച്ചെഴുതിയ ഈ കവിത മനോഹരമായി,അമ്മ എന്തു തന്നെ ആയാലും അമ്മ തന്നെയാണ്!ആ സ്നേഹലാളനകള്‍ എങ്ങിനെ മറക്കും!ഇനി സമനില തെറ്റിയ മനസായാലും........

ശിവ said...

ഞാന്‍ ഇന്നലെ ഈ ബ്ലോഗ് വായിച്ച് അഭിപ്രായം പറയാന്‍ കഴിയാതെ പോയി...കാരണം താങ്കള്‍ നോക്കൂ...പോസ്റ്റ് എ കമന്റ് എന്ന ഓപ്ഷന്‍ കാണാന്‍ കഴിയുന്നില്ല...ബ്ലോഗിന്റെ നിറവും ആ അക്ഷരങ്ങളുടെ നിരവും ഒന്ന്...ഇന്ന് നോക്കിയപ്പോള്‍ രണ്ട് കമന്റ് കണ്ടു...അങ്ങനെ തപ്പിയപ്പോഴാ ഈ കുഴപ്പം കാണുന്നത്...താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു....

sunil said...

മാസമുറ തെറ്റിയ കാലം മുതല്‍ അമ്മ കാത്തിരിപ്പാണ് ഉണ്ണിയെ... പിന്നീട് അമ്മയാകുന്ന ഉണ്ണികള്‍ പോലും ആ കാത്തിരിപ്പ് തിരിച്ചറിയുന്നുണ്ടോ? ഈ മടക്കയാത്ര അനിവാര്യമാണ്. അത് തിരിച്ചറിയുന്ന നാളിലേ നമുക്ക് ശാന്തിയും സമാധാനവും സ്വസ്ഥതയും ലഭിക്കൂ... ഒരു കരണ്ടി കഷായം കൂടാതെ, കാത്തിരുന്ന് വെളിച്ചം കെട്ട ആ കണ്ണുകളില്‍ ഒരു കണ്ണീരുമ്മയും കൊടുക്കണം; എനിക്ക്.

മുസാഫിര്‍ said...

വീടെത്തണം, എന്നാണെന്നു മാത്രം അറിയില്ല.
കഷായം കൊടുക്കാറാവുമ്പോഴേക്കും എത്തണം.
നല്ല കവിത.എന്റെ വീട്ടിലും ഉണ്ട് ഒരു അമ്മ,തനിച്ച്.

sreedevi said...

മനോഹരമായ വരികള്‍ ഷാനവാസ്‌...ഞാന്‍ ഒരു അമ്മ ആയപ്പോളാണ് എന്‍റെ അമ്മയെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങിയത്..ഒരിക്കലും ഒന്നും അമ്മയുടെ സ്നേഹത്തിനു പകരമാവുന്നില്ല.. നമ്മുടെ കൈ പിടിച്ചു നടത്തിയ ആ കൈകള്‍ക്ക് താങ്ങാവുക തന്നെ വേണം നമ്മള്‍..ആ സ്നേഹം നഷ്ടമാവുമ്പോള്‍ മാത്രമാണ് അതിന്റെ അര്‍ഥം പൂര്‍ണമായ രീതിയില്‍ പലരും അറിയുന്നത് ....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

Eid Mubaarak.

kavitha ishtamaayi.

ഷാനവാസ് കൊനാരത്ത് said...

ഗിരീഷെ, വളരെ സന്തോഷമുണ്ട്, അനുമോദിച്ചതില്‍.ഇനിയുമിനിയും...

സഗീര്‍, സ്നേഹമുണ്ട്. വീണ്ടും വന്നതില്‍...

ശിവാ, ഒരുപാട് നന്ദിയുണ്ട്. വന്നതിനും, ലേ ഔട്ടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിനും. ഇനിയും വരണം.

സുനില്‍, കവിത ഉള്ളില്‍ തൊട്ടു, എന്നറിയുന്നത് ഹൃദ്യം തന്നെ... സൂക്ഷിച്ചുവെക്കുക, ആ കണ്ണീരുമ്മ.

മുസാഫിര്‍, ആ അമ്മയോട് എന്‍റെ സ്നേഹവും പറയണം.

ശ്രീദേവി, അമ്മ ... അതൊരു വാക്കല്ല; ജീവിതത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഒരനുഭവമാണ്. ഏറെ സംശുദ്ധമായ അനുഭൂതിയും. വളരെ സന്തോഷമുണ്ട്, വന്നതില്‍. ഇനിയും വരുമല്ലോ?

രാമചന്ദ്രന്‍, താങ്കള്‍ വീണ്ടും... വളരെ നന്ദി. എപ്പോഴും ഇത്പോലൊന്ന് കയറിയിറങ്ങണം. സ്നേഹമുണ്ട്.

എല്ലാവര്‍ക്കും നന്ദി. മനസ്സോടെ, ഷാനവാസ്

കണ്‍പീലിചിലന്തികള്‍ said...

വീടെത്തണം

lakshmy said...

ഞാനും വല്ലാതെ വൈകി ഇവിടെത്താൻ. വൈകിയെങ്കിലും എത്തിയത് നന്ന് എന്നു തോന്നി

lakshmy said...

‘പകരം
ഒരു കരണ്ടി കഷായം നല്‍കണം... ‘
അത്രയെങ്കിലും നൽകണം. അല്ലെങ്കിൽ, അത്രെയൊക്കെയേ നമ്മൾ നൽകുന്നുള്ളു. വല്ലാതെ പൊള്ളിക്കുന്ന വരികൾ

ഷാനവാസ് കൊനാരത്ത് said...

കണ്‍പീലിചിലന്തിക്ക്, അതെ, എത്ര ദൂരം താണ്ടിയാലും ഉടനെ തിരിച്ചെത്തേണമെന്ന് മോഹിപ്പിക്കുന്നതാകണം നമ്മുടെ വീട്.

അതെ ലക്ഷ്മീ, അത്രയെങ്കിലും നല്‍കിയില്ലെങ്കില്‍.... പൊള്ളുന്നത് സ്നേഹം ഉള്ളില്‍ കരുതിവെച്ചതുകൊണ്ടാണ്. ആ മനസ്സും അമ്മയുടെ കാരുണ്യമാകാം. അഭിപ്രായം ഏറെ ഹൃദ്യം.

മഴക്കിളി said...

ഇങ്ങനെ നോവിക്കരുത്...വല്ലാതെ വേദനിപ്പിക്കുന്ന വരികള്‍...

ഷാനവാസ് കൊനാരത്ത് said...

മഴക്കിളീ, സന്തോഷം, വന്നതില്‍.

രണ്‍ജിത് ചെമ്മാട്. said...

നല്ല കവിത!
തുടര്‍ന്നും എഴുതൂ...
ആശംസകളോടെ,