Friday, September 19, 2008

ബാല്യസ്പര്‍ശം


റക്കച്ചടവുമാറാത്ത
ഓത്തുപള്ളിയുടെ മോന്തായത്തില്‍,

അവളുടെ വിരല്‍ മീട്ടിയ മഴയും
എന്‍റെ വരള്‍ തന്ത്രിയുടെ മൂളിപ്പാട്ടും
കളിക്കൂടുകൂട്ടിയ പണ്ട്...

ചോരുന്ന വാനില്‍ ആരും കാണാതെ
ഒരു പാവം മുഹബത്ത്
മഴവില്‍ കുടനിവര്‍ത്തിയ പണ്ട്...

ഒരു ഇളം മഷിത്തണ്ട്
ഇടവഴിയില്‍ വെച്ച്
എന്‍റെ സ്ലേറ്റിന്‍റെ കറുത്ത മുഖത്ത്
മുത്തിയ പണ്ട്...

കിനാക്കണ്ടുനിന്ന് ഓതാന്‍ മറന്നതിന്
അത്തറുനാറുന്ന കള്ളവിരലുകള്‍ കൊണ്ട്
അവളുടെ നെഞ്ചിനു നുള്ളിയ
മൊല്ലാക്കയുടെ വെള്ള വസ്ത്രമാകെ
മഷിക്കായ ചാലിച്ചൊഴിച്ച പണ്ട്...

നക്ഷത്രവിളക്ക് മെല്ലെ
താഴെ ചതിക്കുഴിയിലെറിഞ്ഞുടച്ച
വിപ്ലവകാരികള്‍
കറുത്ത മനസ്സുകൊണ്ട് പര്‍ദ്ദ നെയ്ത
ഹറാമായ പട്ടിയെ കൂട്ടിലിട്ട പണ്ട്...


ഇളങ്കിനാവൊഴിച്ച്
നട്ടുവളര്‍ത്തിയ മുല്ലവള്ളി
കാട്ടുകടന്നല്‍ കൂട്ടില്‍ പടര്‍ന്നിട്ടും,
വിരലിന്‍റെ തുമ്പിലെ കാറ്ററുതി പിടിതെറ്റി
വിരഹക്കടലാസില്‍ വീണപൂ വരച്ചിട്ടും ...
ജനല്‍പാതിയില്‍ മുളപൊട്ടി
ഒരു കൈത്തണ്ട നിറയെ വളപ്പൊട്ടുകള്‍...
ഒരു തുവ്വാല നിറയെ കരഞ്ഞ കണ്ണുകള്‍‌ ...

7 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല കവിത.

girishvarma balussery... said...

ഒരിക്കലും നമ്മള്‍ക്കൊന്നും ഈ ഓര്‍മ്മകളില്‍ നിന്നും വിടുതല്‍ ഇല്ല അല്ലേ.... അതുമില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം അല്ലേ? ആശംസകള്‍ നേരുന്നു..

ഹന്‍ല്ലലത്ത് Hanllalath said...

സാന്ദ്രമായ വരികള്‍....

ആശംസകള്‍ നേരുന്നു

വേര്‍ഡ്‌ വെരിഫികേഷന്‍ മാറ്റിക്കൂടെ...?

ഷാനവാസ് കൊനാരത്ത് said...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്- മാഷേ, നന്ദിയുണ്ട്.

ഗിരീഷെ, അതെ... എത്ര ശ്രമിച്ചാലും ഈ ഓര്‍മ്മകള്‍....

ഹന്‍ല്ലലത്ത്, സന്തോഷമുണ്ട്.... വേഡ് വെരിഫിക്കേഷന്‍ മാറ്റിയിട്ടുണ്ട്.

Jayasree Lakshmy Kumar said...

superb. വ്യത്യസ്ഥമായൊരു ശൈലി. ഇഷ്ടമായി

മഴക്കിളി said...

ഒരു തൂവല്‍തലോടല്‍ പോലെ...

ഷാനവാസ് കൊനാരത്ത് said...

ലക്ഷ്മിക്കും, മഴക്കിളിക്കും നന്ദിയോടെ...