Tuesday, June 10, 2008

സാമൂഹ്യപാഠം

സ്കൂളിന്‍റെ കുടുസ്സുമുറിയില്‍
ഊതിവീര്‍പ്പിച്ച ആകാശം
പണ്ടേ ഓട്ടയായ സ്വപ്നം.
കെടുത്തിയിട്ടും ആറാത്ത സൂര്യന്‍
അന്നേ എഴുതിയ കുത്തുവാക്ക് .
കുടിച്ചു തീര്‍ത്ത കടല്‍
അന്ധന്‍റെ ഒരു കോപ്പ കണ്ണുകള്‍‌.

താഴേയ്ക്കുരുകിവീണ നക്ഷത്രം
അലിഞ്ഞുപോയ
ഇരുളിന്‍റെ കീറപ്പായ.

ഊന്നുവടിയില്ലാതെ
പിന്നെയും കുചേലയാത്ര.
കക്ഷത്തിലിറുക്കിയ പൊതിയില്‍
വിയര്‍ത്ത ഒരുപിടി നോവ്.

നാം പങ്കുവെച്ച പ്രാണവായു
പാറ്റയരിച്ച പുസ്തക താള്‍ .
പള്ളിക്കൂടത്തിലേക്കുള്ള കാലൊച്ചയില്‍
കൂര്‍ത്ത കാരമുള്‍സൌഹൃദം.

എന്നും
തെമ്മാടിക്കുഴിയെടുത്തു കാത്തിരുന്നു,
സാമൂഹ്യപാഠം.


2 comments:

സൂര്യോദയം said...

NIce :-)

മുസാഫിര്‍ said...

നന്നായിരിക്കുന്നു ഷാനവാസ്.പൊതീയിലെ നോവ് രുചീച്ചു നോക്കി ആരെങ്കിലും പകരം മണിമാളിക സമ്മാനിക്കുമായിരിക്കും അല്ലെ ?