Saturday, August 2, 2008

അടിമവേലക്കാരുടെ മുറി

വീടുകളല്ലാത്ത വീടുകള്‍
ചേറില്‍ നിറം മാഞ്ഞ ചുവരുകള്‍
കിണറുകളില്ലാത്തതെങ്കിലും, കുഴലിലെ
കുടിനീരില്‍ കണ്ണുനീരുപ്പ്...

അടച്ചിട്ട വാതിലില്‍ പഴുതൊന്നുമാത്രം
കയറുവാന്‍ ആയിരം താക്കോലുകള്‍
പലതരം ഭാഷയില്‍ തേങ്ങലുകള്‍
പല കോലമായ്പ്പോയ ജീവിതങ്ങള്‍ ...

ഓരോ പകലിലും മുന്നില്‍ പെടുമ്പോള്‍
അപരിചിതനാക്കുന്ന കണ്ണാടിയും, പിന്നെ
ഓരോ രാവിലും ചെന്നുകേറും
ശയനമുറിയും ശങ്കിച്ചു, നിയ്യാര് ?

കട്ടിലിന്‍ പടവുകള്‍ കയറിയിട്ടാകാശം
മുട്ടിക്കിടക്കുമ്പോള്‍ നിനവുകള്‍ പാടും
'' ഞാനുണ്ട് കെട്ടോ സമക്ഷം...''

ആതുരത മൂട്ടയായ് ചോര കുടിക്കവേ
നിദ്രയങ്ങപ്പുറം മാറിനില്‍ക്കും
ശീതീകരണത്തില്‍ തോറ്റ്, യന്ത്രം
വെറുമൊരു മുരളലായ് മൂളിനില്‍ക്കും...

ഒടുവിലാ തീക്കാറ്റിനൊപ്പം
അറിയാതെ കണ്ണുകളടയുന്ന നേരം
പഴങ്കൂട്ടാനിലെ കോഴി കൂവും...
മുറിയൊരു നഗരമായാര്‍ത്തുണരും...


( ദുബായിലെ ഒരു ലേബര്‍ കേമ്പ് - ഓഗസ്റ്റ്‌ 1, 2008 )

6 comments:

നരിക്കുന്നൻ said...

അടച്ചിട്ട വാതിലില്‍ പഴുതൊന്നുമാത്രം
കയറുവാന്‍ ആയിരം താക്കോലുകള്‍
പലതരം ഭാഷയില്‍ തേങ്ങലുകള്‍
പല കോലമായ്പ്പോയ ജീവിതങ്ങള്‍ ...

ലേബർ ക്യാമ്പിന്റെ യതാർത്ഥ മുഖം ശരിയായി വിവരിച്ചിരിക്കുന്നു.

ഇനിയും വരാം

നജൂസ്‌ said...

നന്നായിരിക്കുന്നു.

OAB/ഒഎബി said...

ഇങ്ങനെയൊക്കെ ആണേലും രാവിലെ എണീക്കാനുള്ള ഒരു മടി....വെള്ളിയാഴ്ച സുഖമായി ഉറങ്ങാമെന്ന് കരുതും. അന്ന് സ്ക്കൂള്‍ കുട്ടികളുടെ ഒഴിവ് ദിനം പോലെയാ...
മറ്റൊരു ലേബറ് ക്യാമ്പില്‍ നിന്നും...ഒഎബി.

Aryad Balachandran said...

mazha peithukazijappol maramvum manassum peyyunnu......
aryad balchandran

സുല്‍ |Sul said...

ഷാനവാസെ
മനോഹരമായിരിക്കുന്നു ഈ വരികള്‍!!!
-സുല്‍

ഷാനവാസ് കൊനാരത്ത് said...

ചില വേദനകളെയാണ് എന്നോടൊപ്പം കൂട്ടുകാരേ, നിങ്ങളും അടര്‍ത്തിയിട്ടത്. കവിയുടെ മിടുക്കല്ല, വേദനയുടെ ആഴമാണ്. വന്നുകണ്ട നരിക്കുന്നനും, നജൂസിനും, ഒ.എ.ബി ക്കും, ബാലനും, സുല്ലിനും നന്ദി. ഇനിയും വരണം... ഇതുപോലെ പങ്കുവെക്കാനുള്ള മനസ്സുമായി.