Thursday, July 3, 2008

അച്ഛന്‍

കത്തൊരുനൂറാധിതന്‍
പുസ്തക താള്‍നിവര്‍ത്തി
അച്ഛനുണര്‍ന്നിരിക്കെ
അനന്തഘോരമാം ഇരുള്‍മെത്തയില്‍
എന്നുമുറക്കമായിരുന്നു, ഞാന്‍...

ഓരോ പ്രഭാതവും കോരിയെടുത്തെന്‍റെ
നിറുകയില്‍ പൊത്താന്‍ കൊതിച്ചുവന്നു,
ഉള്‍ച്ചൂടിനാലെന്‍ വസ്ത്രച്ചുളിവുകള്‍
തേച്ചുമിനുക്കിയണിയിക്കാനണഞ്ഞു,
സ്വയം കൈപ്പുനീര്‍കുടിച്ച്
മകനുമധുരം വിളമ്പിയുണ്ണാതിരുന്നു...

വെയില്‍പൂത്തുപഴുത്ത വേവിലും
മഴമൂത്തുപൊഴിയും വഴിയിലും
പുത്രനാമാങ്കിതം, പുത്തന്‍കുടയുമായ്
മെലിഞ്ഞ കാലില്‍ നിന്നിരുന്നച്ഛന്‍...

തൊഴില്‍കഴിഞ്ഞെന്നും നാട്ടുവെളിച്ചത്തില്‍
കരിയില പോലെ പാറി വരുമ്പഴും
കോന്തലക്കെട്ടില്‍ സൂക്ഷിക്കുമച്ഛന്‍
സ്നേഹത്തിന്‍ മധുരസമ്മാനം...

ഉള്ളിലായിരത്തൊന്നു കഥയുമായൊരു
തളര്‍നിസ്വനം കാത്തിരുന്നപ്പഴും
രാവിന്‍റെ, പകലിന്‍റെ, നേരിന്‍റെനേരെ
കണ്ണടച്ചുറക്കമായിരുന്നു, ഞാന്‍...

ഒടുവിലൊരു കീറസ്വപ്നത്തില്‍ തലമുട്ടി
ഞെട്ടിയുണര്‍ന്നച്ഛനെ വിളിച്ചപ്പോള്‍
ഇരുളായിരുന്നെന്‍റെ ചുറ്റിലും, കൂരിരുള്‍
അച്ഛനിരുന്നിടം ശൂന്യം...